ശരീരഭാരം കൂടാതിരിക്കാൻ ഭക്ഷണം ഒഴിവാക്കി; വണ്ണം കൂടാതിരിക്കാൻ യൂട്യൂബ് നോക്കി ഡയറ്റെടുത്തു; മാസങ്ങളായി കഴിച്ചത് വളരെ കുറച്ച് മാത്രം ഭക്ഷണം; അന്നനാളവും ആമാശയവും ചുരുങ്ങി; പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ശരീരഭാരം കൂടാതിരിക്കാൻ ഭക്ഷണം ഒഴിവാക്കുന്ന രോഗത്തെ തുടർന്ന് കണ്ണൂരിൽ പതിനെട്ടുകാരി മരിച്ചു. ‘അനോറെക്‌സിയ നെർവോസ’ എന്ന അസുഖത്തെ തുടർന്ന് കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്.

വണ്ണം കൂടാതിരിക്കാൻ യൂട്യൂബ് നോക്കി ഡയറ്റെടുത്തിരുന്ന ശ്രീനന്ദ മാസങ്ങളായി ഭക്ഷണം വളരെ കുറച്ചുമാത്രമാണ് കഴിച്ചിരുന്നത്. നൽകുന്ന ഭക്ഷണം കളയുകയും പ്രാതൽ പതിവായി ഒഴിവാക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാതായതോടെ ശ്രീനന്ദയുടെ അന്നനാളവും ആമാശയവും ചുരുങ്ങുകയും ശരീരം ശോഷിക്കുകയും ചെയ്തു‌.

നില വഷളായതോടെ തലശേരി സഹകരണ ആശുപത്രിയിൽ വെൻ്റേിലറ്ററിൽ കഴിയുന്നതിനിടെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതേരോഗത്തിന് ചികിത്സ തേടിയിരുന്നെങ്കിലും ഭക്ഷണം കഴിക്കണമെന്ന ഡോക്‌ടറുടെ നിർദേശം ശ്രീനന്ദ അവഗണിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു.

കുട്ടിക്ക് അമിതവണ്ണം ഉണ്ടായിരുന്നില്ലെന്നും വണ്ണം കൂടിയാൽ സൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്തയാണുണ്ടായിരുന്നതെന്നും ബന്ധു റിജു പാലേരി പറഞ്ഞു.