ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാകയില്‍ രണ്ട് ആനകൾക്ക് നടുവിൽ വാകപ്പൂവ്; തമിഴക വെട്രി കഴകത്തിന്‍റെ പതാക അവതരിപ്പിച്ച് നടൻ വിജയ്; പാര്‍ട്ടി ഗാനവും പുറത്തുവിട്ടു, ജാതി-മത-ലിംഗ വ്യത്യാസമില്ലാതാക്കും, ലക്ഷ്യം 2026ലെ നിയമസഭാ തെരെഞ്ഞെടുപ്പെന്നും വിജയ്, വീഡിയോ കാണാം

ചെന്നൈ: പുതുതായി രൂപവത്കരിച്ച തമിഴക വെട്രി കഴകത്തിന്‍റെ (ടി.വി.കെ) പതാക പർട്ടി അധ്യക്ഷനും നടനുമായ വിജയ് അവതരിപ്പിച്ചു. ചെന്നൈ പനയൂരിലുള്ള ടി.വി.കെ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പതാക അവതരിപ്പിച്ചത്.

ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാകയില്‍ വാകപ്പൂവും രണ്ട് ആനയുമുണ്ട്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയര്‍ത്തുകയും ചെയ്തു. യൂട്യൂബിലൂടെ പതാക ഗാനം പുറത്തിറക്കിറക്കുകയും ചെയ്തിട്ടുണ്ട്.

“നിങ്ങൾ എല്ലാവരും നമ്മുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വൈകാതെ തീയതി പ്രഖ്യാപിക്കും. അതിന് മുമ്പ്, ഞാൻ ഇന്ന് നമ്മുടെ പാർട്ടിയുടെ പതാക അവതരിപ്പിക്കുകയാണ്. തമിഴ്‌നാടിന്‍റെ വികസനത്തിനായി നാം ഒരുമിച്ച് പ്രവർത്തിക്കും. ഇനി മുതൽ തമിഴ്‌നാട് മികച്ചതായിരിക്കും. വിജയം സുനിശ്ചിതമാണ്” -പരിപാടിക്കിടെ വിജയ് പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികൾ ചടങ്ങിൽ പാർട്ടി പ്രതിജ്ഞ ചൊല്ലി.

‘‘നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും.

ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ആത്ഥാർ‌ഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ – ഇതായിരുന്നു പാർട്ടി പ്രതിജ്ഞ.

അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇതിന് മുന്നോടിയായാണ് പാര്‍ട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്. പതാക പാര്‍ട്ടിയുടെയും തമിഴ്‌നാടിന്റെയും അടയാളമായി മാറുമെന്ന് കഴിഞ്ഞദിവസം വിജയ് അവകാശപ്പെട്ടിരുന്നു.

തമിഴ്നാട്ടില്‍ ഉടനീളമുള്ള പാര്‍ട്ടി ഭാരവാഹികളില്‍നിന്നും ഇതരസംസ്ഥാന നേതാക്കളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് പതാക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കാനുള്ള പതാകകള്‍ ഭാരവാഹികള്‍ക്ക് കൈമാറും.