അഞ്ച് രൂപയുടെ അരി അതിര്‍ത്തി കടക്കുമ്പോള്‍ 25 രൂപ; പോളീഷ് ചെയ്താല്‍ 65 രൂപ; തമിഴ്നാട്ടില്‍ നിന്ന് കടത്തി കൊണ്ടുവരുന്ന വില കുറഞ്ഞ അരി കേരളത്തിൽ സ്പെഷല്‍ അരിയായി വില്പന; ലക്ഷങ്ങൾ ലാഭം കൊയ്ത് കച്ചവടക്കാർ

വാളയാര്‍: അഞ്ച് രൂപയുടെ അരി അതിര്‍ത്തി കടക്കുമ്പോള്‍ 25 രൂപ, പോളീഷ് ചെയ്താല്‍ 65 രൂപ.

പാവപ്പെട്ടവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ചുരുങ്ങിയ വിലയ്ക്ക് നല്‍കുന്ന അരിയാണ് വാളയാര്‍ വഴി കേരള വിപണിയിലേക്ക് ഒഴുകുന്നത്.
തമിഴ്നാട്ടില്‍ നിന്ന് കടത്തി കൊണ്ടുവരുന്ന വില കുറഞ്ഞ അരി അതിര്‍ത്തി കടക്കുമ്പോള്‍ വില കൂടിയ സ്പെഷല്‍ അരിയായി മാറുകയാണ്.

അരിക്കടത്തിന് നേതൃത്വം നല്‍കുന്ന ഒരു ടീം തന്നെ വാളയാര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ നിന്ന് കിലോയ്ക്ക് അഞ്ചു രൂപ നിരക്കിലാണ് ഇവര്‍ അരി വാങ്ങുന്നത്. ഇത് വാളയാറില്‍ എത്തിച്ചതിന് ശേഷം വന്‍കിട കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് 25 രൂപ നിരക്കില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്.

ഇവരില്‍ നിന്നും അരി വാങ്ങുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വന്‍കിട ഏജന്റുമാര്‍ കിലോക്ക് 25 രൂപക്ക് വാങ്ങുന്ന അരി പോളീഷ് ചെയ്ത് കിലോക്ക് 65 രൂപക്ക് മാര്‍ക്കറ്റില്‍ എത്തിക്കുന്നു. ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്ക് പോലും ഈ അരി എത്തുന്നതായാണ് വിവരം.

ടണ്‍ കണക്കിന് അരി വാളയാര്‍ വഴി എത്തുന്നത് മൂലം ലക്ഷങ്ങളാണ് കച്ചവടക്കാരുടെ പോക്കറ്റില്‍ വീഴുന്നത്.