ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്ന് സൂര്യ പറഞ്ഞു.
ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും സൂര്യ പറഞ്ഞു. മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സൂര്യയുടെ പ്രതികരണം.
കള്ളക്കുറിച്ചിയിലെ വ്യാജ വിഷമദ്യ ദുരന്തത്തിൽ ഇതുവരെ 52 പേരാണ് മരിച്ചത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വിഷമദ്യമൊഴുകുന്നത് തടയാൻ കർശന നിയമം വേണമെന്നും സൂര്യ പറഞ്ഞു. വാർത്താ കുറിപ്പിലാണ് സൂര്യയുടെ പ്രതികരണം വന്നത്.
തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയില്‍ വ്യക്തമാക്കി.
ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷ വിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടു.
പ്ലക്കാർഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തിൽ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കർ പുറത്താക്കിയെങ്കിലും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചതോടെ തിരിച്ച് വിളിച്ചു.
