സ്വന്തം ലേഖകൻ
കണ്ണൂര്‍: വര്‍ഷങ്ങള്‍ക്ക് മുൻപ് എച്ച്‌ഐവി ബാധിതരെന്ന പേരില്‍ അക്ഷരയ്ക്കും അനന്തുവിനും സമൂഹം വിലക്ക് കല്‍പ്പിച്ചിരുന്നു. കൊട്ടിയൂര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചത് വൻ വിവാദമായിരുന്നു. നാടും നാട്ടുകാരും വെറുത്തു മാറ്റിനിര്‍ത്തിയപ്പോള്‍ അന്നവര്‍ക്ക് താങ്ങായെത്തിയത് സുരേഷ്ഗോപിയായിരുന്നു. അന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും കുട്ടികളെ പ്രവേശിപ്പിക്കാൻ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. സംഭവം അറിഞ്ഞു സുരേഷ് ഗോപി കൊട്ടിയൂരിലെത്തി.
അനന്തുവിനെയും അക്ഷരയെയും ചേര്‍ത്തുപിടിച്ച അദ്ദേഹം എച്ച്‌ഐവി തൊട്ടാല്‍ പകരില്ലെന്ന് അധികൃതരെ ബോധ്യപ്പെടുത്തുകയായിരുന്നു. അങ്ങനെ കേരളത്തില്‍ അതൊരു വിപ്ലവമായി. പിന്നീട് ആരും എച്ച് ഐ വി ബാധിച്ചവരെ അകറ്റിയില്ല. അന്ന് സുരേഷ് ഗോപിയുടെ മനസ്സില്‍ രാഷ്ട്രീയമില്ലായിരുന്നു.
തോളില്‍ തൊട്ടതിന് മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മാപ്പു ചോദിച്ചു. പക്ഷേ അവര്‍ പൊലീസ് കേസുമായി മുമ്പോട്ട് പോയി. അവരുടെ ചാനലും സുരേഷ് ഗോപിക്കെതിരായി രംഗത്തുണ്ട്. സുരേഷ് ഗോപിയെ ഉടൻ അറസ്റ്റു ചെയ്യുമെന്നും സൂചനയുണ്ട്.
തോളില്‍ തട്ടലിന്റെ പേരില്‍ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. സ്ത്രീ പീഡനമാണ് വകുപ്പ്. സ്റ്റേഷൻ ജാമ്യം കിട്ടാത്ത വകുപ്പിട്ടത് സുരേഷ് ഗോപിയെ അറസ്റ്റു ചെയ്ത് പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കാനാണ്.
കേരളത്തില്‍ സുരേഷ് ഗോപിയുടെ ഇടപെടലുകള്‍ രാഷ്ട്രീയമായി ചര്‍ച്ചയാകുന്ന കാലമാണ് ഇത്. കരുവന്നൂരില്‍ നടത്തിയ മാര്‍ച്ച് തൃശൂരിലെ മത്സരത്തിനുള്ള തെളിവായി. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ കേരളത്തിലെ മുഖമായ സുരേഷ് ഗോപിയെ കേസില്‍ കുടുക്കിയതെന്ന വാദവും സജീവമാണ്. ഇത്തരം വാദഗതിയുമായാണ് അക്ഷരയും അനന്തുവുമായുള്ള ചിത്രം വൈറലാക്കുന്നത്. എന്നും സ്ത്രീകളോട് കരുതലോടെ മാത്രം പ്രതികരിച്ച സുരേഷ് ഗോപിയെ കേസില്‍ കുടുക്കിയതില്‍ രാഷ്ട്രീയം കാണുന്നവര്‍ ഏറെയാണ്. സുരേഷ് ഗോപിയെ പൊലീസ് അറസ്റ്റു ചെയ്യുമെന്ന് തന്നെയാണ് പൊലീസിലെ ഉന്നതരും നല്‍കുന്ന സൂചന.
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. ഇതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളില്‍ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു.
സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.
