ഇന്ന് വീണ്ടും സ്വർണവില കൂടി; രണ്ട് തവണയായി ഇന്ന് കൂടിയത് 5450 രൂപ

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില കൂടി. രണ്ട് തവണയായി പവന് കൂടിയത് 5,450 രൂപയാണ്. സ്വർണവും വെള്ളിയും സർവകാല കുതിപ്പിലാണ്. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി. വെള്ളിവിലയും സർവകാല റെക്കോഡിലെത്തി. വെള്ളി കിലോക്ക് മൂന്നേകാൽ ലക്ഷം രൂപയിലാണ് വിൽപന. ആഗോള ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളും ഡോളറിന് കരുത്ത് കുറയുന്നതും സ്വർണക്കുതിപ്പിന് ആക്കം കൂട്ടി. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇപ്പോൾ സ്വർണക്കുതിപ്പിന് വേഗം കൂട്ടിയത്.

ഇന്നലെ മൂന്ന് തവണയായി 3,160 രൂപ കൂടിയ ശേഷം വൈകുന്നേരത്തോടെ പവന് 560 രൂപ കുറഞ്ഞ് പവന് 1,08,840 രൂപയിലെത്തി. ഇന്ന് വീണ്ടും കുതിപ്പ് തുടർന്ന് പവന് രാവിലെ 3,650 രൂപ കൂടി 1,13,520 രൂപയിലെത്തി. രണ്ട് മണിക്കൂർ കഴിഞ്ഞതോടെ വില വീണ്ടും കൂടി. ഇത്തവണ പവന് കൂടിയത് 1,800 രൂപ. ഇതോടെ പവന് 1,15,320 രൂപയായി. ഈ വർഷം 160 ശതമാനം ഉയർച്ച രേഖപ്പെടുത്തിയ വെള്ളിയും സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 10 രൂപ കൂടി 325 രൂപയിലാണ് വിൽപന.