ഞാൻ അവിടെ പോയത് നൂറുകണക്കിന് പൂരപ്രേമികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാൻ, പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ ഇക്കാര്യത്തിൽ സത്യമറിയില്ല, സിബിഐ വരണം, ഞാൻ നേരിടാൻ തയ്യാറാണ്, കളക്ടറെയും കമ്മീഷണറെയും ഒരു കാരണവശാലും ഇവിടെ നിന്ന് മാറ്റരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചേലക്കര: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. എൻഡിഎ ചേലക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞാൻ അവിടെ പോയത് നൂറുകണക്കിന് പൂരപ്രേമികളെ പോലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ ഇക്കാര്യത്തിൽ സത്യമറിയില്ല.

സിബിഐ വരണം, ഞാൻ നേരിടാൻ തയ്യാറാണ്. കേരളത്തിലെ മുൻമന്ത്രിയും ഇപ്പോഴത്തെ മന്ത്രിമാരുമടക്കം പലരും ചോദ്യം ചെയ്യപ്പെടാൻ ഇടയാകുമെന്ന ഭയം അവർക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയ്‌ക്ക് വിടൂ തിരുവമ്പാടി അവരുടെ സത്യം പറയട്ടെ പാറമേക്കാവ് അവരുടെ സത്യം പറയട്ടെ സുരേഷ് ഗോപി പറഞ്ഞു.

ആ കളക്ടറെയും കമ്മീഷണറെയും ഒരു കാരണവശാലും ഇവിടെ നിന്ന് മാറ്റരുതെന്ന് പൂരത്തിന് ശേഷവും പിറ്റേന്നും മാദ്ധ്യമങ്ങളോട് ഞാൻ പറഞ്ഞിരുന്നു. അന്ന് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പൂരത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഇത് പറഞ്ഞത്.

2025 ലെ പൂരം ഇവരെ രണ്ട് പേരെയും നിർത്തി എങ്ങനെ ഭംഗിയായി നടത്താമെന്ന് ജനങ്ങളുടെ മുൻപിൽ തെളിയിച്ചിരിക്കുമെന്ന് ഞാൻ അന്ന് പറഞ്ഞതാണെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. കരുവന്നൂരിലെ തസ്‌കരൻമാർ ചേലക്കരയിലും ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

അക്കരെയും ഇക്കരെയുമില്ലാതെ ചെമ്പ് ഉരച്ചുനോക്കാൻ നടക്കുന്ന മഹാൻമാർ ഇവിടെയുമില്ലേയെന്നും സുരേഷ് ഗോപി പരിഹസിച്ചു. ചേലക്കരയിലൂടെ കേരളം മുഴുവൻ ബിജെപി എടുക്കും. അതിനാണ് കെ ബാലകൃഷ്ണൻ തുടക്കം കുറിക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂരിലെ വിഷയങ്ങളിലേക്ക് പെട്ടന്ന് എടുത്തു ചാടിയതല്ല.

പദയാത്രയ്‌ക്ക് മുമ്പ് തന്നെ ഒരു വ്യക്തിയെന്ന നിലയിൽ അവിടെ പോയി ഇടപെടാൻ പറ്റുന്ന കേസിലെല്ലാം ഇടപെട്ടു. മാവേലിക്കരയിലെ സഹകരണ സ്ഥാപനത്തിലെ കോൺഗ്രസ് ഭരണസമിതി നടത്തിയ തട്ടിപ്പ് ചോദ്യം ചെയ്ത് മാത്രമാണ് താൻ സമരത്തിനിറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.