ബഡ്ജറ്റിനെതിരെയുണ്ടാകുന്നത് രാഷ്ട്രീയ വിമ‌ര്‍ശനൾ; കേരളത്തില്‍ എയിംസ് വരുമെന്ന് ആവർത്തിച്ച്  സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിനെതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമ‌ർശനങ്ങളെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ച്‌ രാജ്യത്തെ എല്ലാ ജില്ലകളിലും മാദ്ധ്യമങ്ങളെ കാണുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദീർഘ വീക്ഷണത്തോടെയാണ് 2026-27 ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും 2047ല്‍ രാജ്യം എങ്ങനെയാകണം എന്നതാണ് ബഡ്ജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

 

‘എയിംസ് വിഷയത്തില്‍ കേരളം എന്ത് ചെയ്തെന്ന് പറയണം. ഇലക്ഷൻ ഒന്ന് മാറ്റിവച്ചാല്‍ ഇപ്പോള്‍ ഉയരുന്നതെല്ലാം കെട്ടടങ്ങും. ഭാരത സർക്കാരിന്റെ 2026 – 2027 വർഷത്തേക്കുള്ള ബഡ്ജറ്റിനെ സംബന്ധിച്ച്‌ രാഷ്ട്രീയപരമായ വിമർശനങ്ങള്‍ നടക്കുന്നു. ബഡ്ജറ്റിന്റെ ഇമ്പാക്‌ട് കെടുത്തുന്ന രീതിയില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കെതിരെ രാഷ്ട്രീയ പ്രവർത്തനം നടക്കുന്നു. അതിനാലാണ് ഉത്തരവാദിത്തപ്പെട്ട ഒരു വിശദീകരണം ഈ വിഷയത്തില്‍ നല്‍കുന്നത്.

 

2026 ലേക്ക് കടന്നപ്പോള്‍ 21ആം നൂറ്റാണ്ടിലെ രണ്ടാമത്തെ ക്വാട്ടറിലെ ആദ്യ ബഡ്ജറ്റാണിത്. രാജ്യത്തിന്റെ അവകാശികള്‍ക്കായുള്ള ജീവിതരേഖ ഈ ബഡ്ജറ്റില്‍ ഉള്‍പ്പെടുന്നു. വികസിത് ഭാരത് എന്ന് പ്രധാനമന്ത്രി ഇതിനെ വിഭാവനം ചെയ്യുന്നു. 2047 വരെയുള്ള ദീർഘദൃഷ്ടി. ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്ക് ഉപകാരപ്രഥമാർന്ന രീതിയില്‍ ബഡ്ജറ്റ് വിലയിരുത്തുന്നു.

 

കർഷകർക്കായി എഐ ഉപകരണം. കാർഷിക രീതികളെക്കുറിച്ച്‌ എഐ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നു. കർഷകരെ മികച്ച തീരുമാനം എടുക്കാൻ പ്രാപ്തരാക്കുകയും അപകട സാദ്ധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. കന്നുകാലി വളർത്തലിനുള്ള പിന്തുണ സംരംഭക മേഖലയില്‍ പിന്തുണ നല്‍കും. വായ്പയുമായി സംബന്ധിച്ച സബ്‌സിഡി പദ്ധതി. വെറ്ററിനറി പ്രൊഫഷനുകളുടെ എണ്ണം കൂട്ടാൻ സഹായകരമാകുന്നു’- സുരേഷ് ഗോപി പറഞ്ഞു.

 

ബഡ്ജറ്റില്‍ എയിംസ് എവിടെയെന്ന ചോദ്യത്തിന് 2016 ല്‍ പ്രഖ്യാപിച്ചല്ലോയെന്നും സുരേഷ് ഗോപി മറുപടി നല്‍കി. ആലപ്പുഴയില്‍ എയിംസ് വരണമെന്നത് തന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ അത് നേടിയെടുക്കണം. കേരളത്തില്‍ എയിംസ് വരുമെന്നും വന്നിരിക്കുമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇനിയും സമയമുണ്ട്, സ്ഥലമെടുത്ത് തന്നാല്‍ വന്നിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.