സുപ്രിംകോടതിയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരും പങ്കെടുത്തു.

ഹരിയാന സ്വദേശിയായ സൂര്യകാന്ത് 1984ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്നാണ് നിയമബിരുദം നേടിയത്. ഹിസാറിലെ ജില്ലാ കോടതിയില്‍ പ്രാക്ടിസ് ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കു മാറി. 38ാം വയസില്‍ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായിരുന്നു അദ്ദേഹം

2004ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായും 2018ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി. 2019ല്‍ സുപ്രിംകോടതിയിലെത്തി. ഹരിയാനയില്‍നിന്നുള്ള ആദ്യ സുപ്രിംകോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം.