ഫുട്ബോള്‍ ലോകകപ്പിനൊപ്പം സപ്ലൈകോയും; സോക്കര്‍ ഇലവനുമായി ശബരി ഉത്പന്നങ്ങള്‍

ഫിഫ ഫുട്ബോള്‍ ലോകകപ്പിനൊപ്പം സപ്ലൈകോയും. 11 ശബരി ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ സോക്കർ ഇലവനിലൂടെ ആകർഷകമായ വിലക്കിഴവുകള്‍ നല്‍കും.

11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് ആകർഷകമായ വിലക്കിഴവുകള്‍ നല്‍കുക. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവ് ശബരി ഉത്പന്നങ്ങള്‍ക്ക് ലഭിക്കും. ബ്രസീല്‍ മൂന്നു ഗോള്‍ നേടിയാല്‍ ശബരി മഞ്ഞള്‍പൊടിയ്ക്ക് അടുത്ത മത്സരം ആരംഭിക്കുന്നവരെ മൂന്ന് ശതമാനം വില കിഴിവ് ആകും ലഭിക്കുക.

 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നേടുന്ന ഗോളുകള്‍ വിലക്കിഴിവില്‍ പരിഗണിക്കില്ല. ഓരോ ടീമിൻ്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിൻ്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തില്‍ ഉണ്ടാകുക. ടീം ലോകകപ്പില്‍ നിന്ന് പുറത്തായാല്‍ വിലക്കിഴിവും അവസാനിക്കും. ബ്രസീല്‍, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, ബെല്‍ജിയം, ഫ്രാൻസ്, അർജൻ്റീന, ഇംഗ്ലണ്ട്, പോർച്ചുഗല്‍, ക്രൊയേഷ്യ, മൊറോക്കോ, എന്നീ ടീമുകളാണ് സപ്ലൈകോ ഇലവൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോയില്‍ നിലവില്‍ ലഭ്യമായ വിലക്കുറവിന് പുറമേയാണ് ഈ ഓഫർ.

ഫുട്ബോള്‍ ലോകകപ്പിന് നാളെയാണ് കിക്ക് ഓഫ്‌. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോ – ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്റില്‍ കിരീട പ്രതീക്ഷയിലാണ് പ്രധാന ടീമുകള്‍. 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ഇത്തവണ മാറ്റുരക്കുന്നത്.