സ്പ്ലൈകോയുടെ പ്രതിസന്ധി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കുടിശ്ശികയായി കിട്ടാനുള്ളത് 3750 കോടി

കൊച്ചി: 3700 കോടിയിലേറെ കുടിശ്ശിക കിട്ടാനുള്ള സ്പ്ലൈകോയുടെ പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന് വ്യക്തതയില്ലാതെ സര്‍ക്കാര്‍.

സബ്സിഡി ഉത്പന്നങ്ങള്‍ക്ക് വില കൂട്ടില്ലെന്ന പ്രഖ്യാപിത നിലപാട് തിരുത്തുന്നതില്‍ മുന്നണിയിലും അഭിപ്രായ സമന്വയമായില്ല. സ്പ്ലൈകോയിലെ പ്രതിസന്ധി ഇങ്ങനെ തുടര്‍ന്നാല്‍ കൈവിട്ടുപോകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍.

സപ്ലൈകോയിലെ 13 ഇന സബ്സിഡി ഉത്പന്നങ്ങളില്‍ 5 എണ്ണം പോലും എവിടെയുമില്ല. പഴി ഉയരുമ്പോള്‍ കാലിയാകുന്ന കീശയാണ് സപ്ലൈകോയുടെ മറുപടി. അതും 2012 മുതല്‍ വിപണി ഇടപെടലിനായി ചിലവഴിച്ചതില്‍ വന്ന വലിയ ബാധ്യതയാണ്.

നെല്ല് സംഭരണം, റേഷൻ കടകള്‍ വഴിയുള്ള അരി വിതരണം, അവശ്യ സാധനങ്ങളുടെ വില നിയന്ത്രണം, വിലക്കയറ്റം ഒഴിവാക്കി വിപണിയില്‍ നേരിട്ട് ഇടപെട്ട് സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനാണ് സപ്ലൈക്കോ. എന്നാല്‍ 3750 കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത്. ഇതില്‍ 2700 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കുടിശ്ശികയാണ്. 850 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും മുടങ്ങി.