പുറത്തിറങ്ങാത്ത വയോജനങ്ങള്‍ പോലും ക്ഷീണിതരാകുന്നു; പ്രത്യേകിച്ചും അമിത രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവർ; വീടിനകത്തും സൂര്യാഘാതം സംഭവിക്കാം; ശ്രദ്ധിക്കുക…

കോട്ടയം: വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത വയോജനങ്ങള്‍ പോലും കഠിനമായ വേനല്‍ ചൂടില്‍ ക്ഷീണിതരാവുന്നു.

പ്രത്യേകിച്ചും അമിത രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവർ.
ക്ഷീണവും തളർച്ചയും കാരണം ചികിത്സ തേടുന്ന വയോജനങ്ങളുടെ എണ്ണം കൂടിവരുകയാണ്. വീട്ടിനുള്ളില്‍ ഒതുങ്ങുന്നവരിലും ഈസമയത്ത് സൂര്യാഘാതംവരെ സംഭവിക്കാം എന്നതിനാല്‍ പ്രായമായവർക്ക് പ്രത്യേക കരുതല്‍ ആവശ്യമാണ്.

അന്തരീക്ഷ താപനില കൂടുന്നത് ലക്ഷക്കണക്കിനു വയോജനങ്ങളുള്ള കേരളത്തില്‍ വലിയ വെല്ലുവിളിയാവുകയാണ്.

‘ചെറിയ നടത്തവും നല്ല ഉറക്കവും വയോധികരുടെ ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ്. ചൂട് കാരണം രണ്ടിനും തടസ്സം നേരിടുന്നു. ഇത് മാനസിക പിരിമുറുക്കം കൂട്ടുന്നു. വഴിയേ സ്ട്രെസ് ഹോർമോണുകള്‍ കൂടും. രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര എന്നിവ കൂടാൻ അത് വഴിവെക്കുന്നു’ -പ്രമേഹ ചികിത്സാ വിദഗ്ധനായ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു.

‘ പ്രമേഹം, അമിത രക്തസമ്മർദം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവർ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്നിലോ, അളവിലോ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം. വ്യത്യസ്ത കാരണങ്ങളാല്‍ വ്യത്യസ്തതരം മരുന്നുകളാണ് അമിത രക്തസമ്മർദത്തിനുള്ള ചികിത്സയില്‍ നല്‍കാറുള്ളത്. രക്തസമ്മർദം, ഷുഗർ എന്നിവയുടെ അളവ് വീട്ടില്‍നിന്ന് പരിശോധിക്കാൻ സംവിധാനം ഒരുക്കുന്നതും നല്ലതാണ്. രക്തപരിശോധന നടത്തി സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവും നോക്കണം.

സോഡിയം അളവിലെ വ്യതിയാനം പല പ്രയാസങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്. മൂത്രം കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഡയൂററ്റിക്സ് വിഭാഗം മരുന്നു കഴിക്കുന്നവരിലും മറ്റും അമിതമായി വെള്ളം കുടിക്കുന്നതും പ്രശ്നമായിത്തീരാം. അതിനാല്‍ എത്ര വെള്ളം കുടിക്കാമെന്നതിന് ഡോക്ടറുടെ നിർദേശം തേടണം.