എറണാകുളം: ചോറ്റാനിക്കരയ്ക്ക് സമീപം പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പാറക്കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് അപകടത്തില്‍ മരിച്ചെന്ന വിവരം ലഭിച്ചെന്നും ഇതിന്റെ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് കുറിപ്പിൽ ഉള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ ഫോണ്‍ കൂടി പരിശോധിച്ചാലേ എന്താണു നടന്നതെന്നറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.
ശാസ്താംമുകള്‍ കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് പെണ്‍കുട്ടിയെ വീടിനുപരിസരത്തെ പാറക്കുളത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതില്‍നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്.
സ്‌കൂളിലേക്ക് പോകാൻ വീട്ടില്‍നിന്നും ഇറങ്ങിയ ആദിത്യയെ പിന്നീട് വെള്ളക്കെട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ആദിത്യ കൊറിയൻ യുവാവുമായി പരിചയത്തിലായത്. ‘ഇക്കഴിഞ്ഞ 19-ന് യുവാവ് മരിച്ചു, ഇയാളുടെ മരണത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നു’ എന്നാണ് കുട്ടി കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോ എന്നും, എന്താണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് നയിച്ചത് എന്നും പോലീസ് അന്വേഷിക്കും. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
