സംശയാസ്പദമായ മുറിവുകളില്ല, സുഹാന്റേത് മുങ്ങിമരണം; പോസ്റ്റുമോർട്ടം പൂർത്തിയായി

പാലക്കാട് ചിറ്റൂരില്‍ മരിച്ച ആറു വയസുകാരന്‍ സുഹാന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. പോസ്റ്റ്‌മോർട്ടത്തിൽ മുങ്ങി മരണം തന്നെയെന്നാണ് റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. സുഹാന്റെ മൃതദേഹം ആദ്യം സുഹാന്‍ പഠിച്ച അമ്പാട്ടുപാളയം റോയല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് എത്തിക്കും. ശേഷം എരുമങ്കാടുള്ള മാതാവിന്റെ വീട്ടിലും ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ നല്ലേപ്പിള്ളിയിലുള്ള പിതാവിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഖബറടക്കം നടത്തും.

ഇന്നലെ രാവിലെ 11 മണിയോടെ കാണാതായ സുഹാന്റെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തിയത്. കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹീദ ദമ്പതികളുടെ മകനാണ് സുഹാന്‍. 22 മണിക്കൂറോളം നീണ്ട പരിശോധനയിലാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സഹോദരനൊപ്പം ടി വി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. പിന്നാലെ പൊലീസും ഡോഗ് സ്‌ക്വാഡും ഫയര്‍ഫോഴ്സുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പിന്നാലെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.