വീണ്ടും വില്ലനായി അരളിപ്പൂവ്…? ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; അരളി പൂവ് കഴിച്ചെന്ന് സംശയം

കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാവിലെ കുട്ടികള്‍ക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അദ്ധ്യാപകർ കുട്ടികളുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തി. ഇവിടുത്തെ ഡോക്ടർമാരോട് കുട്ടികള്‍ അരളി പൂവ് കഴിച്ചതായി വ്യക്തമാക്കുകയായിരുന്നു.

ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ കുട്ടികളുടെ രക്ഷിതാക്കള്‍ എത്തി ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിലവില്‍ കുട്ടികള്‍ ക്രിട്ടിക്കല്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. അരളി കഴിച്ചാല്‍ ഇത്രയും വേഗത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് കുട്ടികളെ നിരീക്ഷണത്തില്‍ വയ്ക്കുന്നത്. കുട്ടികളുടെ രക്തസാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.