യൂസഫലി പോലും കൊടുത്തു 5 ലക്ഷം രൂപ; 4000 കോടി ആസ്തിയുള്ള ഉടമസ്ഥന്‍ കെ ജി എബ്രഹാം നല്‍കുന്നത് 8 ലക്ഷം രൂപ മാത്രം; ഒരു കോടി രൂപയെങ്കിലും ആ കുടുംബങ്ങള്‍ക്ക് നല്‍കണം

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം കേരളത്തിലെത്തിച്ച ഹൃദയഭേദകമായ കാഴ്ചകളാണ് മാധ്യമങ്ങളിലെല്ലാം.

കഴിഞ്ഞദിവസം അതിരാവിലെയുണ്ടായ തീപിടുത്തത്തില്‍ 24 മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ 50 പേരും മരിച്ചു. കുവൈറ്റിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ എന്‍ബിടിസിയിലെ തൊഴിലാളികളെല്ലാവരും.

നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ജീവനക്കാരെ കൂട്ടത്തോടെ ലേബര്‍ ക്യാമ്പില്‍ താമസിപ്പിച്ചത് അപകട വ്യാപ്തി ഇരട്ടിയാക്കി.
കുടുംബത്തിന് അന്നംതേടി പ്രവാസികളായ മലയാളികളാണ് ജീവനറ്റ് തിരിച്ചുവരുന്നത്.

കമ്പനിയുടെ തികഞ്ഞ അനാസ്ഥ കുടുംബങ്ങളെ അനാഥമാക്കി. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതില്‍ സഹസ്രകോടികളുടെ ആസ്തിയുള്ള കമ്പനി തീര്‍ത്തും പരാജയമായി.

കുവൈറ്റ് സര്‍ക്കാര്‍ ഇതിനകം തന്നെ അന്വേഷണം പ്രഖ്യാപിച്ച്‌ മുനിസിപ്പാലിറ്റി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇതുകൊണ്ട് കുടുംബങ്ങളുടെ നഷ്ടം നികത്താനാകില്ല.

പത്തനംതിട്ട സ്വദേശിയായ കെജിഎ എന്നറിയപ്പെടുന്ന കെ ജി എബ്രഹാമാണ് എന്‍ബിടിസിയുടെ ഉടമസ്ഥന്‍. 4,000 കോടിയിലധികമാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്ന് പറയപ്പെടുന്നു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വമ്പന്‍ പ്രൊജക്റ്റുകള്‍ ഏറ്റെടുത്തു നടത്തുന്നു.

എഞ്ചിനീയറിംഗ്, നിര്‍മ്മാണം, കരാര്‍, വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ മാര്‍ക്കറ്റിംഗ് രംഗത്തുകൂടി അദ്ദേഹത്തിന്റെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ മേഖലയിലും ഗ്രൂപ്പ് സജീവമാണ്.