തിരുവനന്തപുരം: മധ്യ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ സംസ്ഥാനത്തു മഴ തുടരും.
കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലെർട്ടും നാളെ കണ്ണൂർ, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറില്‍ പരമാവധി 45 – 55 കിലോമീറ്റർ വരെ വേഗതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണം.
കഴിഞ്ഞ 24 മണിക്കൂറില്‍ ഈ വർഷത്തെ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ ഇന്ന് രേഖപ്പെടുത്തി (ശരാശരി 69.6 മില്ലിമീറ്റർ മഴ). ജില്ലകളില്‍ കോട്ടയം ജില്ലയില്‍ ശരാശരി 103 മില്ലിമീറ്റർ മഴയും വയനാട് (95.8 മില്ലിമീറ്റർ), കണ്ണൂർ (89.2 മില്ലിമീറ്റർ) കാസർഗോഡ് (85) എറണാകുളം (80.1) മഴയും രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ (199 മില്ലിമീറ്റർ) ആണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കോട്ടയം (174) വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം (165 മില്ലിമീറ്റർ) മഴ രേഖപ്പെടുത്തി.
കേരളതീരത്തു ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നിലനില്‍ക്കുന്നുണ്ട്. കൂടാതെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലില്‍ പോകാൻ പാടുള്ളതല്ല എന്ന അറിയിപ്പും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് സംവിധാന പ്രകാരം പത്തനംതിട്ട ജില്ലയിലെ മഡമണ്‍ സ്റ്റേഷൻ (പമ്ബ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലർട്ട് കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ തുമ്ബമണ്‍ സ്റ്റേഷൻ (അച്ചൻകോവില്‍ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി), ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
