തിരുവനന്തപുരം : കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത്‌അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ അതിവേഗം പടരുന്ന ജെ എൻ 1 വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ കടുപ്പിക്കണം എന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ. വണ്‍. സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലുംഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തല്‍.
തുടര്‍ന്ന് സിംഗപ്പൂരിലടക്കം അധികൃതര്‍ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചര്‍ച്ചയാകുന്നുണ്ട്.നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎൻ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎൻ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുക.
