അറബിക്കടലില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ അതിശക്തമായ മഴ വരുന്നു; കോട്ടയം ഉൾപ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴ തുടരും.

അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതേതുടര്‍ന്ന് മെയ് മാസം 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്.

ഈ നാല് ജില്ലകള്‍ക്ക് പുറെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും മഴ ലഭിക്കും. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യതയുള്ളത്. കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത മൂന്ന് മണിക്കൂറിലേക്ക് കൊല്ലം, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിങ്ങനെയുള്ള ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് യെല്ലോ അലര്‍ട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണം.