കൊല്ലം: സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ ആക്രണം വര്‍ദ്ധിക്കുന്നു.
ഓരോ വര്‍ഷം കഴിയും തോറും പേവിഷബാധമൂലമുള്ള മരണവും തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടുന്നവരുടെ എണ്ണവും കൂടുകയാണ്.
കഴിഞ്ഞവര്‍ഷം മാത്രം പേവിഷബാധയേറ്റ് 26 പേര്‍ മരിച്ചു.
നായ്ക്കളുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം മൂന്നുലക്ഷത്തിലധികം പേരാണ് ചികിത്സതേടിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്നവരുടെ എണ്ണം ഇതിലും കൂടും.
2023-നെക്കാള്‍ കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം പേര്‍ക്ക് നായയുടെ കടിയേറ്റതായാണ് സര്‍ക്കാര്‍ കണക്കുകള്‍. വന്ധ്യംകരണവും വാക്‌സിനേഷനും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പാളുന്നുവെന്നതിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.
2021 മുതലാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങളില്‍ വര്‍ധനയുണ്ടായത്. പത്തില്‍ താഴെമാത്രമായിരുന്ന മരണനിരക്ക് 2021-ല്‍ പതിനൊന്നായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 25-നും മുകളിലായി. 2022-ല്‍ 27 പേര്‍ പേവിഷബാധയേറ്റ് മരിച്ചു, 2023-ല്‍ 25 പേരും.
സര്‍ക്കാര്‍ കണക്കുകളിലുള്ള തെരുവുനായ്ക്കളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഓരോ വര്‍ഷവും നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍. 2019-ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കളാണുള്ളത്. എന്നാല്‍ കഴിഞ്ഞവര്‍ഷംമാത്രം നായ്ക്കളുടെ കടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണം 3,16,793. കഴിഞ്ഞവര്‍ഷം കൂടുതല്‍പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത് തലസ്ഥാനജില്ലയിലാണ്-50,870. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍.
