സോഡ കുടിക്കുമ്പോള്‍ ഇതറിയുന്നുണ്ടോ? ജലാശയങ്ങള്‍ വറ്റിവരളുമ്പോള്‍ സോഡകളുടെ ഗുണനിലവാരം സംബന്ധിച്ച്‌ ആശങ്ക ഉയരുന്നു; കോട്ടയത്ത് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യം

കോട്ടയം: ജലാശയങ്ങള്‍ വറ്റിവരളുമ്പോള്‍ സോഡകളുടെ ഗുണനിലവാരം സംബന്ധിച്ച്‌ ആശങ്ക ഉയരുന്നു.

മീനച്ചിലാറിലേയും പരിസരങ്ങളിലേയും വെള്ളത്തില്‍ മനുഷ്യവിസർജ്യത്തിന്റെ സാന്നിദ്ധ്യം കണ്ടത്തിയതോടെയാണിത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും കാര്യക്ഷമവുമല്ല. സർബത്ത് കടയില്‍ മുതല്‍ ബാറുകളില്‍ വരെ വിതരണം ചെയ്യുന്ന സോഡയ്ക്ക് ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നാണെന്ന് ഒരുപിടിയുമില്ല.

ജില്ലയില്‍ അൻപതിലേറെ സോഡ കമ്പനികളുണ്ടെന്നാണ് കണക്ക്. ഇതിന് പുറമേയാണ് വൻകിട ബ്രാൻഡുകളുടെ ക്ലബ് സോഡയും. കുപ്പിവെള്ള കമ്പനികള്‍ക്ക് സമാനമായി സോഡ കമ്പനികളിലും പരിശോധന വ്യാപകമാക്കണമെന്നാണ് ആവശ്യം.

സാമ്പിള്‍ ശേഖരിച്ച്‌ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കല്‍ ലാബുകളില്‍ പരിശോധിച്ചാല്‍ ഗുണമേന്മയറിയാം. ലൈസൻസ് റദ്ദുചെയ്യാനും പിഴയീടാക്കാനും കഴിയും. മഴക്കാലത്ത് ബാറുകളില്‍ മാത്രമാണ് കൂടുതലായി ലോക്കല്‍ സോഡയുടെ വില്പന. ചൂട് കാലം തുടങ്ങിയാല്‍ വഴിയോരക്കടകള്‍ മുതല്‍ ബേക്കറികളില്‍ വരെ സോഡയ്ക്ക് ഡിമാൻഡാണ്. ചെറിയ കടയില്‍ പോലും ദിവസം നൂറ് സോഡ മിനിമം വിറ്റുപോകുന്നുണ്ട്.

നഗരത്തിലെ സോഡകളേറേയും മീനച്ചിലാറ്റിലേയും പരിസരങ്ങളിലേയും വെള്ളം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ബാറുകളിലടക്കം ഈ സോഡയാണ് ഉപയോഗിക്കുന്നത്. ഇ – കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനാല്‍

മഞ്ഞപ്പിത്തം പടരാൻ സോഡകള്‍ കാരണമാകും. ശുദ്ധജലത്തില്‍ കാർബണ്‍ഡൈ ഓക്‌സൈഡ് ചെറിയ മർദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. കാർബണ്‍ഡൈ ഓക്‌സൈഡ് വളരെക്കുറച്ച്‌ മാത്രമേ വെള്ളത്തില്‍ ലയിക്കുകയുള്ളൂ. വെള്ളം ശുദ്ധമാണെങ്കില്‍ സോഡ കുടിക്കുന്നതുകൊണ്ട് ദോഷമില്ല.