ആലപ്പുഴ: തെരെഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടിയ തൃശൂർ പണ്ടുമുതലേ യുഡിഎഫിന് കിട്ടാക്കനിയായിരുന്നു. ഈ കിട്ടാക്കനി സ്വന്തമാക്കിയതോ ഒരിക്കൽ പോലും കേരളത്തിൽ എവിടേയും വിരിയില്ലെന്ന് ഇടതുപക്ഷവും പ്രതിപക്ഷവും ഒന്നടങ്കം പറഞ്ഞ സുരേഷ് ഗോപിയും. ഈ അവസരത്തിൽ സുരേഷ് ഗോപിയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ശോഭാ സുരേന്ദ്രൻ.
രണ്ടു തവണ തോൽവി ഏറ്റിട്ടും തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ച സുരേഷ് ഗോപിയെ പാർട്ടിയും മാതൃകയാക്കണമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ആറ്റിങ്ങലിൽതന്നെ നിന്നിരുന്നുവെങ്കിൽ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ഇനി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. പാർട്ടി സംവിധാനത്തിലൂടെ മാത്രമേ മൂന്നോട്ട് പോകാനാവൂ.
ബിജെപിയെ ബദലായി സിപിഎം പ്രവർത്തകർ കാണുന്നു എന്നതിന് തെളിവാണ് ആലപ്പുഴയിലെ ചെങ്കോട്ടകളിൽ തനിക്ക് ലഭിച്ച വോട്ടുകളെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മികച്ച പ്രകടനമാണ് ശോഭാ സുരേന്ദ്രൻ കാഴ്‌ചവച്ചത് 2,99,648 വോട്ടുകൾ ശോഭ നേടി. കോൺഗ്രസിന്റെ കെ സി വേണുഗോപാൽ 4,04,560 വോട്ടുകൾക്കാണ് വിജയിച്ചത്.
രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന്റെ എം എ ആരിഫ് 3,41,047 വോട്ടും നേടി. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് നില ഉയർത്തുന്ന പതിവ് ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലും ആവർത്തിക്കുകയായിരുന്നു. അമ്പതിനായിരത്തിൽ താഴെ മാത്രം വോട്ടുകൾ നേടിയിരുന്ന പതിവിൽ നിന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ബിജെപി വോട്ടുകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലേക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഉയർത്തിയത്. അതിലും വലിയ മുന്നേറ്റമാണ് ശോഭ നേടിയത്.
