എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശന്‍

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസാണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുകുമാരന്‍ നായറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ ഐക്യ പ്രമേയം പാസാക്കിയതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

ഇനിയുള്ള തീരുമാനങ്ങള്‍ എന്‍എസ്എസുമായി ചേര്‍ന്നെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. പരസ്പരം കൊമ്പുകോര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തോടും തങ്ങള്‍ക്ക് വിരോധമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുസ്‌ലിം ലീഗിനെ കുറിച്ച് പറഞ്ഞപ്പോള്‍ മുസ്‌ലിം സമുദായത്തോടുള്ള വിദ്വേഷമായി വ്യാഖ്യാനിച്ച് കൊണ്ടുള്ള പ്രചാരണത്തിന് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി. എസ്എൻഡിപിയുടെ നിലപാടിനോട് എൻഎസ്എസ് യോജിക്കുന്നു. എസ്എന്‍ഡിപി പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതം. എസ്എന്‍ഡിപിയും എന്‍എസ്എസും പ്രബല സമുദായങ്ങളാണ്. എൻഎസ്എസിന് ഇലക്ഷൻ ഒരു പ്രശ്നമല്ല. തിരഞ്ഞെടുപ്പിൽ സമദൂരമാണ് നിലപാട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വിയോജിപ്പാണ്. അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് സമദൂരമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.