കണ്ണൂർ: സ്വന്തം സ്കൂട്ടറില്‍ മാരകവിഷമുള്ള അണലി ഒളിച്ചിരിപ്പുണ്ടെന്നറിയാതെ ഒരു പകല്‍ മുഴുവൻ യാത്ര ചെയ്ത് മെഡിക്കല്‍ കോളേജ് ജീവനക്കാരി.
കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയായ അരുണയാണ് അത്ഭുതകരമായി പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
പതിവുപോലെ വണ്ടി മെഡിക്കല്‍ കോളേജ് പരിസരത്ത് പാർക്ക് ചെയ്തതായിരുന്നു. ചൊവ്വാഴ്ചത്തെ രാത്രി ജോലി കഴിഞ്ഞ് ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ അരുണ വൈകീട്ട് വണ്ടിയെടുത്ത് വീടിനടുത്തുള്ള ധാന്യം പൊടിക്കുന്ന മില്ലിലും പോയി വന്നു.
ഫോണ്‍ എടുക്കുന്ന സമയമാണ് സ്കൂട്ടിയുടെ ലോക്ക് ഹോളില്‍ പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാരായ പി.വി. രമേശൻ, കെ.വി. രാജൻ എന്നിവരെ സഹായത്തിന് വിളിക്കുകയായിരുന്നു.
ഇരുവരും ശ്രമിച്ചിട്ടും പാമ്പിനെ പുറത്തെടുക്കാനായില്ല. പാമ്പ് വണ്ടിയുടെ എൻജിൻ ഭാഗത്തേക്ക് കയറിപ്പോകുകയായിരുന്നു. തുടർന്ന് നരീക്കാംവള്ളിയിലെ വർക്ക് ഷോപ്പ് ജീവനക്കാരായ രഞ്ജിത്ത്, രാജേഷ് എന്നിവർ വന്ന് സ്കൂട്ടിയുടെ പിറക് വശം മുഴുവനായും അഴിച്ചുമാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടെത്താനായത്.
