കൊച്ചി: പലരും ഇന്ന് ഓഫീസിലും മറ്റും ഒരേയിടത്തില്‍ ഇരുന്ന് തന്നെ ആണ് ജോലി ചെയ്യുന്നത്. ഇതുവഴി ഉണ്ടാകുന്നത് പല ആരോഗ്യപ്രശ്നങ്ങളുമാണ്.
പുറം വേദന, കഴുത്ത് വേദന, പിരിമുറുക്കം, എല്ലുകളുടെ കുറഞ്ഞ സാന്ദ്രത, നടുവേദന എന്നിങ്ങനെ തുടങ്ങുന്നു അവയെല്ലാം. പലപ്പോഴും യുവതി-യുവാക്കള്‍ക്ക് പോലും ഇതെല്ലം അസഹനീയമായ കാര്യമാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് സംഭവിക്കാവുന്ന മറ്റൊരു ആരോഗ്യ പ്രശ്നമാണ് ഡെഡ് ബട്ട് സിന്‍ഡ്രോം.
ഗ്ലൂട്ടിയല്‍ അംനേഷ്യ എന്നാണ് ഈ രോഗത്തിന്റെ ശരിയായ പേര്. ദീര്‍ഘനേരമുള്ള ഇരിപ്പ് പൃഷ്‌ഠ ഭാഗത്തുള്ള മൂന്ന് ഗ്ലൂട്ടിയല്‍ പേശികളെ ദുര്‍ബലമാക്കുന്നതാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. ചലന സമയത്ത് ശരിയായി ചുരുങ്ങാനായി ഇത് മൂലം ഗ്ലൂട്ടിയല്‍ പേശികള്‍ മറന്ന് പോകും. ഇത് നമ്മുടെ നടപ്പിനെയും ഇരിപ്പിനെയും ചലനത്തെയുമെല്ലാം ബാധിക്കുന്നു.
പലതരത്തിലുള്ള ശാരീരിക ചലനങ്ങളില്‍ മുഖ്യപങ്ക് വഹിക്കുന്ന പേശികളാണ് ഗ്ലൂട്ടുകള്‍. നട്ടെല്ലിനുള്ള ഒരു അടിത്തറ പോലെ നിലകൊള്ളുന്ന ഈ പേശികള്‍ പൃഷ്‌ഠ ഭാഗത്തെ ദൃഢമാക്കുകയും കാലുകള്‍ പൊക്കി വയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നാം ഇരിക്കുമ്പോള്‍ വിശ്രമിക്കുന്ന ഈ പേശികളെ പക്ഷേ അതിദീര്‍ഘ ഇരിപ്പ് ദോഷകരമായി ബാധിക്കുന്നു.
