മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം; രാഹുൽ ഗാന്ധിയെ പോലും ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാനാവില്ല; വിഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖ്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകൾ പുരോഗമിക്കുന്നതിനിടെ വിഡി സതീശനെ പിന്തുണച്ച് നടന്‍ സിദ്ദിഖും. മുഖ്യമന്ത്രിയായി രാഹുല്‍ ഗാന്ധിയെ പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ആ സ്ഥാനത്തേയ്ക്ക് ഒരേ ഒരു പേര് മാത്രമേയുള്ളൂ അത് വിഡി സതീശനാണെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. “തിരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ച് യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ് വി ഡി സതീശനാണ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്ക് വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ് സതീശനാണ്. അദ്ദേഹമാണ് തങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഇവിടുത്തെ ഓരോ സാധാരണക്കാരാനും ഉറച്ചു വിശ്വസിച്ചിരുന്നു. ആ വിശ്വാസം തകര്‍ക്കരുത്. മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. അത് തങ്ങള്‍ സഹിക്കില്ല, പൊറുക്കില്ല” എന്നും സിദ്ദിഖ് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ തിരിച്ചടി വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ഓര്‍മ്മവെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഒപ്പം നിന്ന, കെ കരുണാകരനെയും, ഉമ്മന്‍ ചാണ്ടിയെയും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണെന്നും സിദ്ദിഖ് കുറിപ്പില്‍ പറയുന്നുണ്ട്.