വോട്ടിന് നോട്ട് ആരോപണത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നൽകി എന്നാണ് പരാതി. ആര്‍ഡിഒ ഓഫീസിലെത്തിയാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കിയത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നത്. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്‍കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിടുകയായിരുന്നു.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകരെത്തിയത്. ദേവു എന്ന വയോധികയ്ക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നാലെ അത് തിരുത്തകയും ചെയ്തു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ശോഭയും കൂട്ടരും അപകടം തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരോട് ക്ഷോഭിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പാലക്കാട് ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി.
