മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചെത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ; പിടിയിലായത് എക്സറേ എടുത്തതോടെ

തിരുവനന്തപുരം: മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി.

തിരുവനന്തപുരം പേട്ട സ്വദേശി അജിത്ത് ലിയോണിയാണ് അറസ്റ്റിലായത്.
പൊലീസ് പിടികൂടിയതിന് പിന്നാലെ ഇയാള്‍ അക്രമാസക്തനായിരുന്നു. ഇതിന് പിന്നാലെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ എക്സ്റേ എടുത്തപ്പോഴാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.

കോളേജുകള്‍ കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പ്പന നടത്തിവരുന്ന സംഘത്തിലുള്‍പ്പെട്ടതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടത്ത് വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍, തന്റെ കയ്യില്‍ ലഹരി പദാർത്ഥങ്ങള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞ് ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.

പോലീസ് പിടികൂടി വിലങ്ങ് ധരിപ്പിച്ചെങ്കിലും വിലങ്ങ് നെറ്റിയില്‍ ഇടിച്ച്‌ ഇയാള്‍ മുറിവുണ്ടാക്കി. തുടർന്നു പോലീസ് പ്രതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന് എക്‌സ്-റേ എടുക്കുകയായിരുന്നു. അപ്പോഴാണ് മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചതായി കണ്ടെത്തിയത്.