ശബരിമല ശരംകുത്തിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന കോപ്പര്‍ കമ്പികളും ടുജി കാരിയറും കള്ളന്മാര്‍ കൊണ്ടുപോയി; സി സി ടി വി പ്രവര്‍ത്തിക്കാത്ത സമയത്ത് മോഷണമെന്ന് സൂചന

പത്തനംതിട്ട: ശബരിമല ശരംകുത്തിയില്‍ ബി.എസ്.എൻ.എല്‍ ടവറിന്റെ കോപ്പര്‍ കമ്പികളും 2ജി കാരിയറുകളും മോഷ്ടിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താൻ പമ്പ പൊലീസ് തെരച്ചില്‍ ശക്തമാക്കി.

മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്നവരുടെ വിരലടയാളം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ഒത്തുനോക്കുന്നതിന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളിലെ തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ചുതുടങ്ങി.

ഇരുന്നൂറോളം തൊഴിലാളികളാണ് ഇവിടെയുള്ളത്. ശബരിമലയിലെ ഭൂപ്രകൃതി അറിയുന്നവരാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്നു.
വനത്തിനുള്ളിലൂടെയെത്തി മോഷണം നടത്തി വനത്തിലേക്കുതന്നെ കയറിപ്പോയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.