തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് നാല് എസ്.എഫ്.ഐ. നേതാക്കളെ പുറത്താക്കി.
എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും എം.എസ്‌സി. സുവോളജി രണ്ടാംവർഷ വിദ്യാർത്ഥിയുമായ വിധു ഉദയ, പ്രസിഡന്റും മൂന്നാംവർഷ ഫിലോസഫി വിദ്യാർത്ഥിയുമായ അമൽചന്ദ്, മൂന്നാംവർഷ ഹിസ്റ്ററി വിദ്യാർത്ഥി മിഥുൻ, മൂന്നാംവർഷ ബോട്ടണി വിദ്യാർത്ഥി അലൻ ജമാൽ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
എന്നാൽ, ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതോടെ അറസ്റ്റു നടപടികളിൽനിന്നു കോടതി പോലീസിനെ വിലക്കിയിട്ടുണ്ട്. ഡിസംബർ രണ്ടിനാണ് കോളേജിൽ ഭിന്നശേഷിക്കാരനായ ബിരുദവിദ്യാർത്ഥി മുഹമ്മദ് അനസിനെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി ഓഫീസിൽ വെച്ച് ബന്ദിയാക്കി മർദ്ദിച്ചത്.
ഇയാളുടെ നിലവിളി കേട്ടെത്തിയ സുഹൃത്ത് അഫ്‌സലിനെയും മർദ്ദിച്ചതായി പരാതിയുണ്ട്. മുഹമ്മദ് അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ കമ്പുകൊണ്ടു മർദ്ദിക്കുകയായിരുന്നു. അനസ് കോളേജ് അച്ചടക്കസമിതിക്കു കൊടുത്ത പരാതിയിലാണ് എസ്.എഫ്.ഐ. നേതാക്കളെ സസ്പെൻഡ് ചെയ്തത്.
അച്ചടക്കസമിതി നേരത്തേ അനസിന്റെ മൊഴി എടുത്തിരുന്നു. പ്രതികളായ എസ്.എഫ്.ഐ. നേതാക്കൾ അച്ചടക്കസമിതിക്കു മുൻപിൽ മൊഴിനൽകാൻ എത്തിയിരുന്നില്ല. എന്നാൽ, കോടതി അറസ്റ്റ് തടഞ്ഞതോടെ പ്രതികൾ തിങ്കളാഴ്ച കോളേജ് അച്ചടക്കസമിതിയുടെ മുന്നിൽ തെളിവെടുപ്പിനെത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽപ്പേരിൽനിന്നു തെളിവെടുപ്പ് നടത്തുമെന്ന് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സന്തോഷ് അറിയിച്ചു.
അതിനുശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പി.സുധീർ അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല. കോളേജ് അച്ചടക്കസമിതി നൽകുന്ന റിപ്പോർട്ട് പ്രിൻസിപ്പൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറും.
