കേന്ദ്രസര്‍ക്കാരിന്റെ ‘പി.എം-ശ്രീ സ്‌കൂള്‍’ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ല; സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സിപിഐയുടെ കടുംപിടുത്തത്തെ തുടര്‍ന്ന്; വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സർക്കാരുമായി തർക്കം രൂക്ഷമാകാൻ സാധ്യത

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘പി.എം-ശ്രീ സ്‌കൂള്‍’ പദ്ധതി കേരളത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ.

പി.എം-ശ്രീ ധാരണാപത്രത്തില്‍ ഒപ്പിടേണ്ടതില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതോടെയാണ് ‘പി.എം-ശ്രീ സ്‌കൂള്‍’ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പായത്. ഇതോടെ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സർക്കാരുമായി തർക്കം കൂടുതല്‍ രൂക്ഷമാകും.

സിപിഐ മന്ത്രിമാരുടെ ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് ‘പി.എം-ശ്രീ സ്‌കൂള്‍’ പദ്ധതി കേരളം ഒഴിവാക്കുന്നത്. ‘പി.എം-ശ്രീ സ്‌കൂള്‍’ പദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) നടപ്പാക്കേണ്ടിവരുമെന്ന് സിപിഐ ചൂണ്ടിക്കാട്ടി.

ഇതിനൊപ്പം ഒരോ ബ്ലോക്കിലെയും രണ്ട് സ്കൂളുകള്‍ വീതം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാകും എന്നതും പ്രധാന പ്രശ്നമായി സിപിഐ ഉയർത്തിക്കാട്ടിയതോടെയാണ് പി.എം-ശ്രീ സ്‌കൂള്‍ കേരളത്തില്‍ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.