ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20: ആദ്യ ഓവറിൽ ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ സഞ്ജു സാംസണ്‍ ഏഴ് പന്തുകള്‍ നേരിട്ട് 10 റണ്‍സിന് പുറത്ത്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ബാറ്റിംഗ് അനുകൂല സാഹചര്യം മുതലാക്കാന്‍ കഴിയാതെ സഞ്ജു സാംസണ്‍. ആദ്യ ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെ രണ്ട് ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ ശേഷമാണ് താരം പുറത്തായത്.

രണ്ടാം ഓവറിലെ അവസാന പന്തില്‍ മിഡ് ഓഫില്‍ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കി മലയാളി താരം പുറത്താകുകയായിരുന്നു. താസ്‌കിന്‍ അഹമ്മദിനാണ് വിക്കറ്റ് ലഭിച്ചത്. ആദ്യ ഓവറില്‍ മികച്ച രണ്ട് ബൗണ്ടറികളാണ് താരം നേടിയത്.

എന്നാല്‍, താസ്‌കിന്‍ അഹമ്മദ് എറിഞ്ഞ സ്ലോ ബോളില്‍ താരത്തിന് പിഴയ്ക്കുകയായിരുന്നു. ഗ്വാളിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെ താരം 29 റണ്‍സ് നേടിയിരുന്നു. ഫിറോസ് ഷാ കോട്‌ലയിലെ ബാറ്റിംഗ് അനുകൂല വിക്കറ്റില്‍ താരത്തില്‍ നിന്ന് ഒരു ഗംഭീര പ്രകടനമാണ് മലയാളി ആരാധകര്‍ പ്രതീക്ഷിച്ചത്.

ഏഴ് പന്തുകള്‍ നേരിട്ട് 10 റണ്‍സാണ് താരം നേടിയത്. തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും അത് മുതലാക്കാന്‍ മലയാളി താരത്തിന് കഴിയാത്തതില്‍ മലയാളി ആരാധകര്‍ക്ക് അമര്‍ഷവും നിരാശയുമുണ്ട്. ഇതിന് മുമ്പ് നടന്ന ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചെങ്കിലും രണ്ട് തവണയും താരം ഡക്കായി മടങ്ങിയിരുന്നു.

അതേസമയം, രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനാണ് തങ്ങളും ആഗ്രഹിച്ചതെന്നായിരുന്നു ടോസ് സമയത്ത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് അഭിപ്രായപ്പെട്ടത്.