‘ഇനി ചന്ദന മരം വില്‍ക്കാം’; സുപ്രധാന കേരള വനം ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം; ചന്ദന കൃഷി വ്യാപിക്കുമെന്ന് സര്‍ക്കാര്‍; കര്‍ഷകര്‍ക്ക് വൻ സാമ്പത്തിക നേട്ടം

തിരുവനന്തപുരം: സുപ്രധാന കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നല്‍കി.

സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച്‌ വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ പ്രധാന പ്രത്യേകത. ഇങ്ങനെ മുറിച്ച്‌ വില്‍പ്പന നടത്തുന്ന ചന്ദനമരത്തിന്‍റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചന്ദന മരങ്ങള്‍ വെച്ച്‌ പിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി നേരത്തെ തുടങ്ങിയിരുന്നു.

സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വില്‍പ്പന നടത്താൻ നിലവില്‍ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമക്കെതിരെ കേസ് എടുക്കേണ്ട അവസ്ഥയായിരുന്നു.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ചന്ദന മരം ഉടമക്ക് വില്‍ക്കാനാകും.