പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും; ജി സുധാകരനെതിരെ സജി ചെറിയാൻ

പാർട്ടി വിടുന്നത് വ്യക്തമാക്കി ജി സുധാകരൻ നടത്തിയ വാർത്ത സമ്മേളനത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, നേത്യത്വം കൃത്യമായ മറുപടി നൽകുമെന്ന് സജി ചെറിയാൻ എംഎൽഎ. അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല. വ്യക്തിപരമായി അദ്ദേഹം തരംതാണ് സംസാരിക്കും എന്ന് ഞാൻ കരുതുന്നില്ല. മത്സരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. തനിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയുന്നില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു. പാർട്ടിക്ക് അകത്തുനിന്ന് നിലപാടുകൾ പറയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ പാർട്ടിയെ ചതിക്കുന്ന നിലപാട് ചെയ്തത് ശരിയായില്ല എന്നും സജി ചെറിയാൻ പറഞ്ഞു.

പാർട്ടിയുടെ പൊളിറ്റിക്കൽ ക്രിമിനലുകൾ ആരാണെന്ന് ജി സുധാകരൻ വ്യക്തമാക്കണം. അദ്ദേഹം ഉൾപ്പെടെയുള്ളവരാണ് ആലപ്പുഴയിൽ പാർട്ടിയെ നയിച്ചത്. അപ്പോൾ ഒന്നാമത്തെ ഗുണ്ട അദ്ദേഹമായിരിക്കും, രണ്ടാമത്തേത് ഞാനും ആയിരിക്കും. ഏത് ഗുണ്ടയെപ്പറ്റിയാണ് അദ്ദേഹം പറയുന്നത് എന്ന് മനസിലാകുന്നില്ല. ആലപ്പുഴയിൽ പാർട്ടിയ്ക്ക് ഒരുപാട് വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു പ്രശ്നവുമില്ലാതെ വിഎസ് പറയുന്നതുപോലെ നേരെ പോയി എന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. 63 വർഷക്കാലം പ്രവർത്തിച്ചിട്ട് ആ പ്രസ്ഥാനത്തെ തള്ളിപ്പറയുകയാണ് ജി സുധാകരൻ ചെയ്തത്. എന്ത് ദ്രോഹമാണ് ജി സുധാകരനോട് പാർട്ടി ചെയ്തതെന്ന് വ്യക്തമാക്കണം. പാർട്ടി ഒരുപാട് സ്ഥാനമാനങ്ങൾ ജി സുധാകരന് നൽകി. ഒരു ദ്രോഹവും അദ്ദേഹത്തിന് എതിരെ ചെയ്തിട്ടില്ല എന്നും സജി ചെറിയാൻ വ്യക്തമാക്കി.