സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴി; ഈ വഴി എത്തിച്ചേരുന്നത് നടന്റെ മുറിയിലേക്ക്; വീടിനുള്ളില്‍ അപരിചിതനെ കണ്ട് ചോദ്യം ചെയ്യുന്നതിനിടെ സെയ്ഫിന് കുത്തേറ്റു; മോഷ്ടാവിന് മറയായത് അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ അറ്റകുറ്റപ്പണി; അക്രമിയെ സഹായിച്ച വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ച് അന്വേഷണം

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് സ്വവസതിയില്‍വച്ച്‌ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം.

സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് നടന്റെ വീട്ടിലെ ജോലിക്കാരിയാണ് വാതില്‍ തുറന്നു കൊടുത്തെന്നു ബാന്ദ്ര പൊലീസ് വെളിപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്കായി സെയ്ഫ് അലി ഖാന്റെ സ്റ്റാഫിലെ അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിരുന്നു. നിലവില്‍ പ്രതിയെ പിടികൂടാനായി പത്തംഗ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറിയില്‍ കയറിപ്പറ്റിയതെന്നും ഡി.സി.പി. ദീക്ഷിത് ഗെദാം പറഞ്ഞു.

സെയ്ഫിന്റെ ഹൗസിങ് സൊസൈറ്റിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ തൊഴിലാളികളെയും ചോദ്യം ചെയ്യാനാണ് മുംബൈ പോലീസിന്റെ തീരുമാനം.

ഹൗസിങ് സൊസൈറ്റിയിലേക്ക് അനധികൃതമായി ആരും കയറുന്നതായി കണ്ടിട്ടില്ലെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് പോലീസിനെ അറിയിച്ചത്. വീട്ടിലെ സഹായിയാണോ അക്രമിക്ക് വീടിനുള്ളില്‍ കയറിപ്പറ്റാനുള്ള സഹായം നല്‍കിയതെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.