ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നവരില്‍ 30% പേര്‍ ദര്‍ശനത്തിനെത്തുന്നില്ല; വൻ പ്രതിസന്ധി

പത്തനംതിട്ട: ശബരിമലയില്‍ വെ‍ർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദ‍ർശനത്തിനെത്തുന്നില്ല.

വരാൻ കഴിയാത്തവർ ബുക്കിങ് ക്യാൻസല്‍ ചെയ്യണമെന്ന ദേവസ്വം ബോർഡിന്‍റെ ആഹ്വാനം പാലിക്കപ്പെടാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതേസമയം, തത്സമയ ബുക്കിങ് ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്.

പ്രതിദിനം എഴുപതിനായിരം ആളുകള്‍ക്കാണ് വെർച്വല്‍ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാൻ കഴിയുന്നത് . ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുൻപ് തന്നെ നവംബർ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു.

എന്നാല്‍, മുൻകൂട്ടി ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല ദിവസങ്ങളിലും ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമാണ് എത്തിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഗണ്യമായ കുറവാണുണ്ടായത്. നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഉദ്ദേശിച്ച സമയത്ത് ദർശനം കിട്ടുന്നില്ല.

ബുക്ക് ചെയ്തവര്‍ ശബരിമലയിലെത്താത്തത് പ്രതിസന്ധിയാണെന്നും വരുന്നില്ലെങ്കില്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെടുന്നില്ലെന്നും ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.പ്രതിദിന വെർച്വല്‍ ക്യൂ ബുക്കിങ്ങ് എഴുപതിനായിരത്തില്‍ നിന്ന് എണ്‍പതിനായിരം ആക്കി ഉയ‍ർത്തണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണിനയിലിരിക്കെയാണ് ബുക്ക് ചെയ്തവർ ദർശനത്തിനെത്താത്ത സാഹചര്യം.