കൊച്ചി: ശബരിമലയില്‍ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും ആചാരത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി.
ഇത് മറ്റു ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുതെന്നും വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ലെന്നും ഇക്കാര്യത്തില്‍ ഭക്തർക്കിടയില്‍ അവബോധമുണ്ടാക്കണമെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും സംബന്ധിച്ച് നിർദ്ദേശം നല്‍കിയത്.
ശബരിമലയില്‍ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും അനുവദിക്കാൻ പാടില്ല. മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നതും കോടതി തടഞ്ഞിട്ടുണ്ട്.
ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അയ്യപ്പൻമാരെ അറിയിക്കാൻ അനൗണ്‍സ്‌മെന്റ് നടത്തണമെന്നും കോടതി നിർദേശം നല്‍കി.
