24 മണിക്കൂറും ഭക്ഷണ വിതരണമുണ്ട്; പിന്നെന്തിന് ശബരിമലയിലേക്ക് തീര്‍ഥാടകര്‍ ഗ്യാസ് സിലിണ്ടറുമായി പോകണം? സുരക്ഷയ്ക്ക് ഭീഷണി; പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പാചകവാതക സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ പോകുന്നത് തടയണമെന്ന് ഹൈകോടതി.

ഭക്ഷണം തയാറാക്കാനുള്ള ഉദ്ദേശ്യത്തോടെ കൊണ്ടുപോകുന്ന സിലിണ്ടറും പാത്രങ്ങളും പൊലീസ് പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷ മുന്‍നിര്‍ത്തിയാണ് കോടതിയുടെ ഇടപെടല്‍.

മാളികപ്പുറത്തെ അന്നദാനം കോംപ്ലക്സില്‍ 24 മണിക്കൂറും ഭക്ഷണ വിതരണമുണ്ടെന്നിരിക്കെ, തീര്‍ഥാടകര്‍ക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച്‌ 13, 14 തീയതികളില്‍ പാണ്ടിത്താവളത്തും ഭക്ഷണ വിതരണമുണ്ട്.

സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന വ്യക്തമാക്കിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജികളാണ് കോടതി പരിഗണിച്ചത്.