‘ശബരിമലയിലെ ഹെലികോപ്റ്റര്‍ പറത്തല്‍ ഗുരുതര സുരക്ഷാലംഘനം’; കൊടിമരത്തിന് തൊട്ടുമുകളില്‍ വരെ ഹെലികോപ്റ്റര്‍ പറന്നുവെന്ന് എഡിജിപി റിപ്പോര്‍ട്ട്; സ്‌പെഷ്യല്‍ കമീഷണർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും

തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്.

എഡിജിപി എസ് ശ്രീജിത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സ്‌പെഷ്യല്‍ കമീഷണർക്ക് കൈമാറും. കൊടിമരത്തിന് തൊട്ടുമുകളില്‍ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എയർട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങള്‍ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.

അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയത്. നിലക്കല്‍, പമ്പാ, സന്നിധാനം മേഖലകളില്‍ ഡ്രോണുകള്‍ പോലും അനുവദനീയമല്ല. വി വി ഐ പികളുമായി നിലയ്ക്കലില്‍ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം.

ഈ സാഹചര്യത്തില്‍ കോസ്റ്റ് ഗാർഡിന്റെ ആണെങ്കില്‍ പോലും ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളില്‍ എത്തിയത് അതീവ ഗൗരവം എന്ന് സ്പെഷ്യല്‍ കമ്മീഷണർ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കി.
എ ഡി ജി പി ശ്രീജിത്ത് നല്‍കുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.