പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി എസ്ഐടി സംഘം സന്നിധാനത്ത്. നട തുറന്ന ശേഷം എസ്ഐടി സംഘത്തിന്റെ പരിശോധന തുടങ്ങും. മിഥുന മാസ പൂജകൾക്കായി അല്പസമയത്തിനകം നട തുറക്കും. പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി പരിശോധിക്കും. സാമ്പിൾ ശേഖരണം ഇന്നുണ്ടാകില്ല. ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് സാമ്പിൾ ശേഖരണം. കട്ടളപ്പാളിയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി. കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
കട്ടിളപ്പാളികൾക്ക് മുകളിൽ ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വർണവും ദ്വാരപാലക ശിൽപ്പങ്ങളോടൊപ്പം വേർത്തിരിച്ചെടുത്തെന്നാണ് എസ്ഐടി കണ്ടെത്തൽ. കട്ടിളപ്പാളികളിൽ ഘടിപ്പിച്ച ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് പാളികൾ, രാശി ചിഹ്നം ആലേഖനം ചെയ്ത രണ്ട് പാളികൾ, കട്ടിളപ്പടിക്ക് മുകളിലെ പ്രഭാമണ്ഡല പാളികൾ എന്നിവയടക്കം 7 പാളികളികളിൽ നിന്നാണ് സ്വർണം കവർന്നത്. മറ്റ് പാളികളോടൊപ്പം ചെന്നൈ സ്മാർട് ക്രിയേഷനിൽ എത്തിച്ചാണ് ഈ സ്വർണവും വേർതിരിച്ചതെന്നും ഇത് കണ്ടെത്തേണ്ടതുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന ഫലം നിർണായകമാകും.
