ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയില്‍ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തെ സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പോറ്റി പുറത്തിറങ്ങിയത്.
ജനുവരി 21 ന് ദ്വാരപാലക ശില്പക്കേസില്‍ സ്വാഭാവിക ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇന്ന് കട്ടിളപ്പാളി കേസിലും പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാദികളോടെയാണ് ജാമ്യം.പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകണം, അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ ഒരു ഇടപെടലും നടത്തരുത്, സാക്ഷികളെ സ്വാധീനിക്കാനോ സംസ്ഥാനം വിട്ട് പുറത്ത് പോകാനോ പാടില്ല. കൂടാതെ 2 ലക്ഷം രൂപ വീതമുള്ള രണ്ടുപേരുടെ ആള്‍ ജാമ്യവും നല്‍കണം. എസ് ഐ ടികുറ്റപത്രം സമർപ്പിക്കാത്തതും ജാമ്യത്തിന് അനുകൂല വഴിയൊരുക്കി.
ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നതോടെ ശബരിമല സ്വർണക്കൊള്ളയില്‍ എസ് ഐ ടിയുടെ തുടർ നീക്കത്തിലും, രാഷ്ട്രീയ ചർച്ചകളിലും ആകാംക്ഷ ഏറെയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ കേന്ദ്രീകരിച്ച് ഇ ഡി നടത്തുന്ന അന്വേഷണം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നെഞ്ചിടിപ്പ് ഉണ്ടാക്കുന്നതാണ്. എ.പത്മകുമാർ പുറത്തിറങ്ങുമ്പോള്‍ പ്രതികരിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ അതും ചർച്ചയാകും.
മുരാരി ബാബു, ഡി സുധീഷ് കുമാർ, ശ്രീകുമാർ, ഒടുവില്‍ ഉണ്ണികൃഷ്ണൻ പോറ്റി. സ്വാഭാവിക ജാമ്യം ലഭിച്ചു പ്രതികള്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന ഹൈക്കോടതി പരാമർശം എസ് ഐ ടി ക്ക് ആശ്വാസമാകാം. എന്നാല്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചകള്‍ പലതാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ
ഇ ഡി ചോദ്യം ചെയ്യുന്നതാണ് പ്രധാന ആശങ്ക. എസ് ഐ ടി അന്വേഷണത്തില്‍ ഉന്നതരുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധം വ്യക്തമാക്കുന്ന ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എസ് ഐ ടി രഹസ്യമായി ശേഖരിച്ച വിവരങ്ങള്‍ ഇ ഡി യുടെ പക്കലുമുണ്ട് എന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത ശേഷമുള്ള ഇ ഡി നീക്കം നിർണ്ണായകമാകും.
