ശബരിമല കൊടിമര പുനഃപ്രതിഷ്ഠ അന്വേഷണം; വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കാന്‍ വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു. വിജിലന്‍സ് ഡിവൈഎസ്പി സി.എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വര്‍ണം എവിടെയെന്ന് കണക്കില്ലെന്നാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സി.ഐ രാജേഷ് കുമാര്‍,വിജിലന്‍സ് തെക്കന്‍ മേഖല സി ഐ അജി ജി നാഥ് എന്നിവരാണ് സംഘത്തിലുള്ളത്. തെക്കന്‍ മേഖല വിജിലന്‍സ് എസ് പിക്കാണ് മേല്‍നോട്ട ചുമതല.

കൊടിമരം സ്വര്‍ണം പൂശാന്‍ മൂന്ന് കോടി 20 ലക്ഷം രൂപ നല്‍കി കസ്റ്റംസില്‍ 9.573 ഗ്രാം സ്വര്‍ണമാണ് ദേവസ്വം ബോര്‍ഡ് വാങ്ങിയത്. ഇതില്‍ 9.340 ഗ്രാം കൊടിമരത്തില്‍ ഉപയോഗിച്ചു. ബാക്കി വന്ന 233 ഗ്രാം സ്വര്‍ണത്തിലാണ് വ്യക്തത കുറവ്. ഇതിന് പുറമെ ആറ് ഭക്തര്‍ ചേര്‍ന്ന് 412 ഗ്രാം സ്വര്‍ണവും കൈമാറിയിരുന്നു. ഈ കണക്ക് മഹസറില്‍ ഉണ്ടെങ്കിലും തിരികെ രസീത് നല്‍കിയതായി കാണുന്നില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.