സന്നിധാനത്ത് ഭക്തജന തിരക്ക്: പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് മല ചവിട്ടുന്നവരുടെ എണ്ണം മണിക്കൂറില്‍ 4234 പേരെന്ന് കണക്ക്

പത്തനംതിട്ട: മണ്ഡല കാല ആരംഭം മുതല്‍ ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ശബരിമല നട തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സന്നിധാനത്ത് ഭക്തരുടെ തിരക്ക് വാര്‍ത്തയായിരുന്നു.
മണിക്കൂറുകള്‍ ക്യൂ നിന്ന് ഭക്തര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനത്തിന് എത്തുന്നത്. തിരക്ക് അനുഭവപ്പെടുന്നത് അനുസരിച്ച്‌ ശബരിമലയില്‍ സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചിരുന്നു.

ഇപ്പോഴിതാ നട തുറന്ന് പന്ത്രണ്ട് ദിവസങ്ങള്‍ ആകുമ്പോള്‍ സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുകയാണ്. വരും ദിവസങ്ങളില്‍ ഇതേ തിരക്ക് തന്നെ ആണ് അനുഭവപ്പെടുന്നത്. പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് മണിക്കൂറില്‍ 4234 പേര്‍ മല കയറുന്നതായാണ് പൊലീസില്‍ നിന്നുള്ള വിവരം ലഭിക്കുന്നത്.

ഇന്നലെ രാത്രി ദര്‍ശനം കിട്ടാത്തവരാണ് ഇപ്പോള്‍ പതിനെട്ടാം പടി ചവിട്ടുന്നത്. ഹരിവരാസനം പാടി നട അടച്ച ശേഷവും പതിനെട്ടാം പടി കയറാന്‍ വലിയ നടപ്പന്തല്‍ തിങ്ങി നിറഞ്ഞ് തീര്‍ഥാടകരുണ്ടായിരുന്നു. ഇവരുടെ നിര വലിയ നടപ്പന്തലും പിന്നിട്ട് ശരം കുത്തി ഭാഗത്തേക്ക് നീണ്ടു.

പുലര്‍ച്ചെ നട തുറന്നപ്പോള്‍ തന്നെ ഇവരില്‍ പകുതിയിലധികം ദര്‍ശനം പൂര്‍ത്തിയാക്കി. രാത്രി മുഴുവന്‍ ക്യൂ നിന്നവരുടെ ദര്‍ശനം മണിക്കൂറുകള്‍ക്കം പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സന്നിധാനത്ത് ഇന്നും മഴ പ്രതീക്ഷിക്കുന്നുണ്ട്. നെയ്യഭിഷേകം, അപ്പം, അരവണ കൗണ്ടറുകള്‍ക്ക് മുന്നിലും ഭക്തരുടെ നീണ്ട നിരയുണ്ട്.