അങ്ങനെ റബ്ബര്‍ ടാപ്പിങും ഇനി ബംഗാളിയുടെ കൈയിൽ സുരക്ഷിതം! പത്തനംതിട്ടയില്‍ റബര്‍ ബോര്‍ഡിന്റെ ടാപ്പിങ് പരിശീലനത്തില്‍ ഒന്നാമനായി ബംഗാളുകാരന്‍ റാണാ മഹാതോ

പത്തനംതിട്ട: റബ്ബര്‍ ബോര്‍ഡ് സംഘടിപ്പിച്ച 8 ദിവസത്തെ ടാപ്പിങ് പരിശീലനത്തിലും തുടര്‍ന്ന് നടത്തിയ എഴുത്ത് പരീക്ഷയിലും ഒന്നാമതെത്തിയത് പശ്ചിമ ബംഗാള്‍ സ്വദേശി റാണാ മഹാതോ.

15 അംഗ പരിശീലനാര്‍ത്ഥികളില്‍ ഡോക്ടര്‍മാരും റിട്ടയേഡ് അദ്ധ്യാപകരും അടക്കമുള്ളവരുണ്ടായിരുന്നെങ്കിലും എല്ലാവരെയും പരിശീലനത്തിലും എഴുത്ത് പരീക്ഷയിലുമെല്ലാം റാണാ മഹാതോ തന്നെ ഒന്നാമനായി.
പരിശീലനാര്‍ത്ഥികളില്‍ 13 പേരും എഴുത്ത് പരീക്ഷയില്‍ വിജയിച്ചു. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ പ്ലാന്‍ന്റേഷന്‍ കോര്‍പ്പറേഷനില്‍ ടാപ്പര്‍മാരാവാം.
പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം റബര്‍ ഉത്പ്പാദക സംഘം പ്രസിഡന്റ് കെ.ജി.റെജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് റബര്‍ ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ഷൈനി കെ. പൊന്നന്‍ ഉദ്ഘാടനം ചെയ്തു.

പമ്പ റബേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എ.ആര്‍.ദിവാകരന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വച്ച്‌ അദ്ദേഹംമികച്ച പരിശീലനാര്‍ത്ഥിയായ റാണാ മഹാതോയ്ക്ക് ടാപ്പിങ് കത്തി സമ്മാനിച്ചു. റബ്ബര്‍ ബോര്‍ഡ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ അജിത കെ,പരിശിലകനായ റബര്‍ ബോര്‍ഡ് ഇന്‍സ്ട്രക്ടര്‍ ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.