കോട്ടയം: ചരിത്രത്തില്‍ ആദ്യമായി റബ്ബര്‍ വില്‍പ്പന നിര്‍ത്തിവയ്ക്കല്‍ സമരവുമായി കര്‍ഷകര്‍.
റബ്ബര്‍ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവയ്ക്കാൻ ഉത്പാദകസംഘങ്ങളുടെ ദേശീയക്കൂട്ടായ്മ കര്‍ഷകരെ ആഹ്വാനം ചെയ്യും. കൂടിയ വിലയ്ക്ക് അന്താരാഷ്ട്ര ചരക്ക് വാങ്ങിയുണ്ടായ നഷ്ടം നികത്താന്‍ ടയര്‍ കമ്പനികള്‍ തദ്ദേശീയ റബ്ബറിന്റെ വില ഇടിക്കുകയാണെന്ന് എന്‍.സി.ആര്‍.പി.എസ്. ദേശീയ പ്രസിഡന്റ് വി.വി. ആന്റണി, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ പറഞ്ഞു.
വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്ത് കമ്പനികള്‍ ഗോഡൗണുകള്‍ നിറച്ചിരിക്കുകയാണ്. കര്‍ഷകരില്‍ നിന്ന് റബ്ബര്‍ സംഭരിച്ച് വിപണിയില്‍ ഇടപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല.
അടിയന്തരമായി റബ്ബര്‍ സംഭരണം പുനരാരംഭിക്കണം. ഇതിന് സന്നദ്ധമല്ലെങ്കില്‍ ഉത്തേജക പാക്കേജിലെ അടിസ്ഥാനവില 250 രൂപയായി ഉയര്‍ത്തണം.
