ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുൻപ് കുറച്ചത് 11 കിലോ ഭാരം; വീണ്ടും ഭാരം കുറച്ച്‌ ‘സ്ലിമ്മായി’ ഹിറ്റ്മാന്‍; ഏകദിന പരമ്പരയ്ക്ക് മുന്‍പ് പരിശീലനത്തിനിറങ്ങി രോഹിത് ശര്‍മ; ആരാധകര്‍ ആവേശത്തില്‍…!

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശര്‍മ വീണ്ടും പരിശീലനം തുടങ്ങി.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും അര്‍ദ്ധസെഞ്ച്വറിയും നേടി മൂന്ന് മത്സരങ്ങളില്‍ നിന്ന് 202 റണ്‍സ് നേടിയ രോഹിതാണ് പ്ലെയര്‍ ഓഫ് ദി സീരീസായത്.

ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി കഠിനമായി തയ്യാറെടുക്കുകയാണ് താരം. മുംബൈ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ് മൈതാനത്ത് പരിശീലിക്കാനെത്തിയ രോഹിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രോഹിത്തിന്റെ ഫിറ്റ്‌നസാണ് അതിലെ പ്രത്യേകത. അദ്ദേഹം മുൻപ് ഉണ്ടായിരുന്നതിനേക്കാള്‍ വളരെ മെലിഞ്ഞതായിട്ടാണ് കാണുന്നത്. അഞ്ച് കിലോ ഭാരം രോഹിത് കുറച്ചുവെന്നാണ് ആരാധകരില്‍ ചിലരുടെയൊക്കെ പ്രതികരണം.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുൻപ് തന്നെ 11 കിലോയാണ് താരം കുറച്ചിരുന്നത്. ഭക്ഷണനിയന്ത്രണവും ജിമ്മില്‍ വ്യായാമവും നടത്തിയാണ് രോഹിത് ഫിറ്റ്‌നസ് നിലനിര്‍ത്തിയത്.