ചങ്ങനാശേരിയിൽ മോഷണ പരമ്പര; മോഷ്ടാവ് കയറിയത് നിരവധി വീടുകളിൽ, ഒരു വീട്ടിൽനിന്ന് 7 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു, ആളില്ലാതിരുന്ന വീടുകളിലും മോഷണ ശ്രമം, ജനൽ തല്ലിതകർത്തും വാതിൽ കുത്തിപൊളിച്ചും മോഷണം

ചങ്ങനാശേരി: നഗരത്തിലെ വീടുകളിൽ മോഷണം. ഒരു വീട്ടിൽനിന്ന് 7 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. അതിനുശേഷം സമീപത്തെ ആളില്ലാത്ത വീട്ടിൽ മോഷണത്തിനെത്തിയ മുഖം മറച്ച മോഷ്ടാവിനെ വിദേശത്തുള്ള വീട്ടുടമ സിസിടിവി ദൃശ്യത്തിലൂടെ കണ്ടു.

ഇയാൾ സമീപത്തുള്ള സഹോദരനെ വിളിച്ചറിയിക്കുകയും തുടർന്ന് ആളുകളെത്തിയപ്പോൾ മോഷ്ടാവ് കടന്നുകളയുകയുമായിരുന്നു. ഇന്നലെ പുലർച്ചെ 3.30ന് പാറേൽപള്ളി ജംങ്ഷനു സമീപം തേവലക്കര പ്രദീപ് ജോർജിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്.

അടുക്കള ഭാഗത്തെ ജനൽ തകർത്ത് കയ്യിട്ട് കതക് തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. ഇവിടത്തെ മോഷണത്തിനു ശേഷം സമീപത്ത് സഹോദരൻ അനിലിന്റെ വീട്ടിലാണ് മോഷണത്തിനെത്തിയത്. ഇവർ വിദേശത്താണ്.

ആളില്ലാത്ത ഈ വീട്ടിലെത്തിയ മോഷ്ടാവ് സിസിടിവി നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ അനിലിനു ഫോണിൽ സന്ദേശം ലഭിക്കുകയും മോഷ്ടാവിനെ കാണുകയും ചെയ്തു. ഇയാൾ ഉടൻ തന്നെ സഹോദരൻ‌ പ്രദീപിനെ ഫോണിലൂടെ വിളിച്ചറിയിച്ചു.

ഇവർ എത്തിയപ്പോഴേക്കും ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു.പ്രദീപ് തന്റെ വീട്ടിലേക്ക് തിരികെയെത്തിയപ്പോഴാണ് അടുക്കളവാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിലെ അലമാരയിൽ നിന്നു സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി അറിയുന്നത്.

ഇതിനു സമീപം മാടപ്പാട്ട് ഭാഗത്തെ രണ്ടു വീടുകളിലും രണ്ടരയോടെ ഇയാൾ മോഷണശ്രമം നടത്തുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കടുത്തുരുത്തിയിൽ ആളില്ലാതിരുന്ന വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് മോഷണം. ആറരപ്പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി. കുറുപ്പന്തറ ആറാംമൈൽ വെണ്ണാരത്തിൽ എൽസി സേവ്യറിന്റെ വീട്ടിലാണു മോഷണം.മാസമായി എൽസി സേവ്യർ വീടു പൂട്ടി മകളോടൊപ്പം തൃശൂരിലായിരുന്നു താമസം.

വീടു പൂട്ടി പോയെങ്കിലും ഇടയ്ക്കു വീട്ടിലെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ എൽസി സേവ്യർ വീട്ടിലെത്തിയപ്പോഴാണു വീടിന്റെ മുൻവശത്തെ വാതിൽ തകർത്തിരിക്കുന്നതായി കണ്ടത്. തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിൽ വീട്ടിലെ മുഴുവൻ മുറികളും അലമാരകളും കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതായി കണ്ടു.

പ്രധാന മുറിയിൽ സൂക്ഷിച്ചിരുന്ന 5 പവൻ മാലയും 3 ജോടി കമ്മലുകളുമാണ് അലമാര കുത്തിപ്പൊളിച്ചു കവർന്നത്. അലമാരയ്ക്കുള്ളിലും മുറികളിലും ഇരുന്ന സാധനങ്ങൾ മുഴുവൻ വലിച്ചുവാരിയിട്ട നിലയിലാണ്. കടുത്തുരുത്തി പോലീസിൽ പരാതി നൽകി.

എസ്എച്ച്ഒ ടി.എസ്.റെനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വീടു പൂട്ടി. തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് അധികൃതർ ഇന്നെത്തുമെന്ന് എസ്എച്ച്ഒ അറിയിച്ചു.