കോട്ടയം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റും പാസായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും റോഡ് നിയമങ്ങളെ കുറിച്ച് അറിവില്ല.
ഇരുചക്രവാഹനമാണെങ്കില്‍ ഹെല്‍മറ്റ് ധരിക്കണം, കാറാണെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം. ഈ രണ്ട് കാര്യങ്ങളും പാലിച്ചാല്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്ന ആളായി മാറി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ വളരെ ശ്രദ്ധ നല്‍കേണ്ടതും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ ചില റോഡ് നിയമങ്ങളുണ്ട്.
നന്നായി ശ്രദ്ധിക്കേണ്ട ഒന്നാണ് റോഡിലെ വിവിധ നിറങ്ങളിലും ഘടനകളിലും നല്‍കിയിട്ടുള്ള വരകള്‍. റോഡിലെ സിഗ് സാഗ് വരകളുടെ കാര്യമെടുത്താല്‍ എന്താണ് ഇതിന്റെ അര്‍ത്ഥം എന്ന് പലര്‍ക്കും അറിയില്ല. ഈ വരകള്‍ വെറുതേ ഒരു രസത്തിനല്ല നേരെ വരയ്ക്കുന്നതിന് പകരം വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന രീതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. സിഗ് സാഗ് ലൈനുകള്‍ കണ്ടാല്‍ ഡ്രൈവര്‍ പ്രത്യേക ശ്രദ്ധ നല്‍കണം എന്നാണ് അര്‍ത്ഥമാക്കുന്നത്.
ഈ ഭാഗത്ത് ഒരുകാരണവശാലും വാഹനങ്ങള്‍ നിര്‍ത്താനോ, പാര്‍ക്ക് ചെയ്യാനോ ഓവര്‍ടേക്ക് ചെയ്യാനോ പാടുള്ളതല്ല. കാല്‍നടയാത്രക്കാരുടെ കൂടി സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ വരകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരക്ക് കൂടുതലുള്ള ജംഗ്ഷനുകളിലും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരം വരകള്‍ സാധാരണയായി അടയാളപ്പെടുത്താറുള്ളത്. ഈ ഭാഗങ്ങളില്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കാനും പാടില്ല. പരമാവധി 30 കിലോമീറ്റര്‍ വേഗത മാത്രമാണ് ഈ പ്രദേശത്ത് അനുവദിനീയമായിട്ടുള്ളത്.
സിഗി സാഗ് വരകള്‍ ഉള്ള സ്ഥലങ്ങള്‍ക്ക് സമീപത്തായി നിയമലംഘകരെ പിടികൂടാന്‍ ക്യാമറയും സ്ഥാപിച്ചിട്ടുണ്ടാകും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് സിഗി സാഗ് ലൈനുകള്‍ വരയ്ക്കാറുള്ളത്.
