കോട്ടയം: എം.സി റോഡിൽ എസ് എച്ച് മൗണ്ടിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.
അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ കെട്ടിടത്തിലേയ്ക്കു പാഞ്ഞു കയറി. ഈ സമയം ഇവിടെ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വ്യാഴാഴ്ച വൈകിട്ട് 4.45 നായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറിയും എതിർ ദിശയിൽ നിന്നും എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ചയാൾ ഉറങ്ങിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നത്.

കാറിന്റെ മുൻ ഭാഗം പൂർണമായും അപകടത്തിൽ തകർന്നു.
കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദമ്പതികളും രണ്ടു ചെറിയ കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതിനെ തുടർന്ന് കാർ റോങ്ങ് സൈഡിലേക്ക് പ്രവേശിച്ചു എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സ്ത്രീയ്ക്ക് സാരമായി പരുക്കേറ്റു.

പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
