കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിപാർട്ടി കേസില്‍ നടി പ്രയാഗ മാർട്ടിന്റെയും നടൻ ശ്രീനാഥ് ഭാസിയുടെയും മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.
ഇരുവർക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവ ദിവസം പുലർച്ചെ നാല് മണിക്കാണ് പ്രയാഗ ആഢംബര ഹോട്ടലില്‍ എത്തിയത്. രാവിലെ ഏഴ് മണിയോടെ മടങ്ങുകയും ചെയ്തു.
അന്ന് നടന്ന പാർട്ടിയില്‍ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. രക്ത പരിശോധനയ്‌ക്ക് തയ്യാറാണെന്ന് താരങ്ങള്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
ഇരുവരുടെയും മൊഴികള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടോടെയാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്.
സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയതെന്ന് പ്രയാഗ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ലഹരിപാർട്ടിയെ കുറിച്ച് അറിഞ്ഞില്ല, ഓം പ്രകാശിനെ അറിയില്ല. വാർത്തകള്‍ വന്ന ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ പറഞ്ഞത്.
പ്രയാഗയുടെ മൊഴി തൃപ്തികരമായതിനാല്‍ വീണ്ടും വിളിപ്പിക്കേണ്ടെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
